HIKAM

പ്രപഞ്ചത്തിന്റെ പ്രകാശം

പ്രപഞ്ചം മുഴുവനും ഇരുട്ടാണ്. സത്യത്തിന്റെ സാന്നിധ്യമാണ് അതിന് പ്രകാശം നൽകുന്നത്. ഒരാൾ പ്രപഞ്ചത്തെ കാണുകയും, അതിലോ, അതിന്റെ മുമ്പോ, ശേഷമോ പടച്ചവനെ കാണാതിരിക്കുകയും ചെയ്താൽ അവനു ദിവ്യപ്രകാശങ്ങളുടെ സാന്നിധ്യം നഷ്ട്ടപ്പെട്ടതു തന്നെ. തന്നെയുമല്ല, സൃഷ്ടികളാകുന്ന കാർമേഘങ്ങൾ വൈജ്ഞാനിക ജ്യോതിസ്സുകളെ  അവനിൽ നിന്നും മറക്കുകയും ചെയ്തിരിക്കുന്നു. 

അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമ ഒരു വിളക്കുമാടം പോലെയാണ്(ഖുർആൻ 24:35) എന്ന ഖുർആനിക സൂക്തം ആസ്പദിച്ചു കൊണ്ടുള്ള തത്വേപദേശമാണിത്. ഈ സൂക്തത്തിന്റെ പൊരുൾ അതീവ രഹസ്യങ്ങൾ ഉൾകൊള്ളുന്നവയാണ്. വിഷയാസ്പദമായി പരാമർശിക്കേണ്ട കാര്യങ്ങൾ മാത്രം ചുവടെ ചേർക്കുന്നു. 

“പ്രപഞ്ചം മുഴുവനും ഇരുട്ടാണ്. സത്യത്തിന്റെ സാന്നിധ്യമാണ് അതിന് പ്രകാശം നൽകുന്നത്”. അഥവാ, നാം കാണുകയും, ഗ്രഹിക്കുകയും ചെയ്യുന്ന  ഈ പ്രപഞ്ചിക പ്രതിഭാസങ്ങളെല്ലാം ഒരാന്തരിക പ്രകാശത്താൽ കൂട്ടി യോജിപ്പിക്കപ്പെട്ടതാണ്.  ഈ പ്രകാശത്തിന്റെ ഉറവിടം സർവ്വ ശക്തനായ അല്ലാഹുവാണ്. പ്രപഞ്ച വസ്തുക്കൾ സ്വമേധയാ ഉണ്ടായതല്ല. അല്ലാഹുവിൻറെ സൃഷ്ടിപ്പ് കൊണ്ട് മാത്രമാണ്. ഈ ഉണ്മയുടെ നിലനിൽപ്പ് അല്ലാഹുവിൻറെ സൃഷ്ടിച്ചു കൊടുക്കുക എന്ന “കഴിവ്” ബന്ധിക്കുമ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ്. ഈ സൃഷ്ടിപ്പ് ഒരോ നിമിഷങ്ങളിലായി തുടർന്നു കൊണ്ടേയിരിക്കുന്നു. ഇങ്ങനെ തുടരുമ്പോൾ മാത്രമാണ് ഉണ്മയെന്ന യാഥാർത്ഥ്യം പോലും  ഉണ്ടാകുന്നത്. 

ഏല്ലാ വസ്തുക്കളും ആന്തരികമായ ഒരു  പ്രകാശത്താൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പ്രകാശമാണ് വസ്തുവിന്റെ ബാഹ്യമായ ആകൃതിയെ രൂപപ്പെടുത്തുന്നത്.  നമ്മുടെ ദൃഷ്ടിയിലൂടെ കാണാൻ സാധിക്കുന്ന ഏല്ലാ വസ്തുക്കളും ഇത്തരമൊരു പ്രകാശ വലയത്താൽ  നിലകൊള്ളുന്നവയാണ്. ആ പ്രകാശമില്ലെങ്കിലോ? അവയെല്ലാം ആകൃതിയില്ലാതെ  ചിതറിക്കിടക്കുന്നവയാകും. പ്രാപഞ്ചിക ഉണ്മക്ക് അടിസ്ഥാനമായി നിലകൊള്ളുന്ന ഈ പ്രകാശം രണ്ടു വിധമാണ്.  ഒന്ന്, കണ്ണിലൂടെ കാണാൻ സാധിക്കുന്നത്. മറ്റൊന്ന്, ബുദ്ധി കൊണ്ട്  ഗ്രഹിക്കാവുന്നത്. വസ്തുക്കളുടെ പുറത്ത് വ്യാപിച്ചുകിടക്കുന്ന പ്രകാശമാണ് കണ്ണുകൊണ്ട് കാണാൻ കഴിയുന്നത്. ഈ പ്രകാശം അനുഭവിക്കാൻ സാധിക്കുന്നത് രണ്ടു വെളിച്ചങ്ങൾ കൂടി ചേരുമ്പോഴാണ്. ഒന്ന് വസ്തുവിന്റെ മേൽ സൂര്യനിൽ നിന്നോ, വെളിച്ചം പകരുന്ന മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ പ്രവഹിക്കുന്ന വെളിച്ചം. രണ്ട് മനുഷ്യന്റെ കണ്ണിൽനിന്ന് പ്രവഹിക്കുന്ന പ്രകാശം. സൂര്യനിൽ നിന്ന് വസ്തുക്കളിലേക്ക് പതിക്കുന്ന പ്രകാശത്തിനും, കണ്ണിൽ നിന്ന് പ്രവഹിക്കുന്ന പ്രകാശത്തിനും ഇടയിൽ ഒരു സമാന്തരികതയുണ്ട്. അല്ലാത്ത പക്ഷം  ഒരു വസ്തുവിനെയും നമുക്ക് കാണാൻ സാധിക്കുന്നതല്ല. 

ദ്രവ്യത്തിന്റെ സൂക്ഷ്മമായ കണികക്കുള്ളിൽ വ്യാപിച്ചുകിടക്കുന്ന രശ്മികളാണ് ബുദ്ധി ഗ്രഹിക്കുന്ന പ്രകാശം. ഒരു കൂട്ടം വികിരണങ്ങളാൽ നിർമ്മിതമായ ഒരു ഇലക്ട്രോൺ കൂടിയാണിത്. ഇതിൽ നിന്നാണ്  നാം മെറ്റിരിയൽ അഥവാ ദ്രവ്യം എന്ന് വിളിക്കുന്ന ഘടകമുണ്ടാകുന്നത്. പ്രകാശത്താൽ നിർമ്മിതമായ ഒരു ചാലകശക്തി മാത്രമാണ് ഈ ദ്രവ്യം.  കണ്ണുകൾക്ക് ഇവയെ കാണാൻ സാധിക്കുന്നില്ലെങ്കിലും, വസ്തുക്കളുടെ യാഥാർത്ഥ്യം ഉൾവഹിക്കുന്നത് ബുദ്ധിയിലൂടെ കാണാൻ സാധിക്കുന്ന ഈ പ്രകാശത്തിലൂടെയാണ്. 

കത്തി ജ്വലിക്കുന്ന തീക്കനൽ ശ്രദ്ധിച്ചിട്ടുണ്ടോ?  അതിന്റെ ചുറ്റുഭാഗങ്ങളിലും അന്തർലീനമായ ജ്വാലയിൽ നിന്നാണ് തീ കനലിന്റെ ഉണ്മ നില കൊള്ളുന്നത്.  പ്രസ്തുത തീജ്വാലമടങ്ങിയാലോ? തീക്കനൽ അപ്രത്യക്ഷമാകുന്നതോടൊപ്പം, അത്  ചിന്നഭിന്നമായി ചിതറിക്കിടക്കുന്ന ചാരമായി മാറും. ഇതിന് സമാനമാണ് പ്രാപഞ്ചിക വസ്തുക്കളും. അഥവാ ഓരോ കണികകളിലും നൂർ—പ്രകാശം അന്തർലീനമായി കിടക്കുന്നു.  അതിസൂക്ഷമമായ ഈ പ്രകാശം നീങ്ങിയാൽ, വസ്തുക്കളെല്ലാം  ചിതറി കിടക്കുന്ന അവശിഷ്ടങ്ങളായി മാറും.  കത്തിയെരിയുന്ന കനൽക്കട്ടയിൽ നിന്ന് ജ്വാല നീങ്ങിയാൽ അവ ചാരമായി മാറുന്നത് പോലെ.

ബുദ്ധി എന്നാൽ മസ്തിഷ്കത്തിൽ തിളങ്ങുന്ന ഒരു തെളിച്ചമാണ്. ഇത് മുഖേനയാണ് കണ്ണിൻറെ കാഴ്ചകൾക്ക് അതീതമായ യാഥാർത്ഥ്യങ്ങളെ ഗ്രഹിക്കാനാകുന്നത്. ആയതിനാൽ, മനുഷ്യജീവിതത്തിൽ രണ്ടു വിധേനയുള്ള കാഴ്ച്ചകളുണ്ട്. ഒന്നാമത്തെത് ഇന്ദ്രിയസ്പർശിയായ കാഴ്ചയാണ്. ആശയ സ്പർശിയായ ഉൾക്കാഴ്ചയാണ് രണ്ടാമത്തെത്. രണ്ടും വ്യത്യസ്തങ്ങളായ ദൗത്യം നിർവഹിക്കുന്നു. കാഴ്ച ബാഹ്യ സ്പർശിയായ വസ്തുക്കളെ കാണാൻ ശ്രമിക്കുമ്പോൾ ആന്തരികമായ ആശയ പ്രതലങ്ങളെ/ യാഥാർത്ഥ്യങ്ങളെ കാണാൻ സഹായിക്കുന്നത് ഉൾക്കാഴ്ച്ചയാണ്. ഇന്ദ്രിയസ്പർശിയായ വസ്തുക്കളെ കാണാൻ കണ്ണ് സൂര്യപ്രകാശത്തെ അല്ലെങ്കിൽ വെളിച്ചമുള്ള മറ്റു വസ്തുക്കളെ ആശ്രയിക്കുമ്പോൾ, കാഴ്ചക്കതീതമായ ആശയ പ്രതലങ്ങളെ/ കാര്യങ്ങളെ ഗ്രഹിക്കാൻ ബുദ്ധി അവലംബിക്കുന്നത് വഹ് യ്, അഥവാ ദിവ്യബോധനത്തെയാണ്. അദൃശ്യമായി നിലകൊള്ളുന്ന യാഥാർത്ഥ്യങ്ങളെ ബുദ്ധിക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നത് ദിവ്യബോധനമാണ് എന്ന് ഒതുക്കിപ്പറയാം.

ഇനി നമുക്ക് പ്രപഞ്ചം, കണ്ണ്, ബുദ്ധി, ഇവ ഒരോന്നിന്റെയും സ്വഭാവവും, ദൗത്യവും ഹൃസ്വമായി പരിശോധിക്കേണ്ടതുണ്ട്.  പ്രപഞ്ചം അടിസ്ഥാനപരമായി ഇരുട്ടാണ്. അതിലേക്ക് പ്രകാശം വ്യാപിച്ചപ്പോഴാണ് ഓരോ കണികകളും പരസ്പരം ഇഴുകിച്ചേർന്ന ഒരു വസ്തുവായി പരിണമിച്ചത്.  അഥവാ കണ്ണുകൾക്ക് കാണാൻ കഴിയുന്ന പ്രാപഞ്ചിക വസ്തുവായി രൂപപ്പെട്ടത്. കണ്ണ്, ഇരുണ്ട ചെറിയ ഒരു മാംസ പശയാണ്. കണ്ണിനെ ചിത്ര-വർണ്ണങ്ങളെ ഗ്രഹിക്കാൻ പ്രാപ്തമായ മാധ്യമമാക്കുന്നത് കണ്ണിൽ നിലകൊള്ളുന്ന പ്രകാശമാണ്. ബുദ്ധി, ജനന സമയത്ത് ഇല്ലാത്ത ഒന്നാണ്. തലച്ചോറിൽ വ്യാപിക്കുന്ന വെളിച്ചമാണ് പ്രപഞ്ച രഹസ്യങ്ങളും അദൃശ്യമായ കാര്യങ്ങളും ഗ്രഹിക്കാൻ പ്രപ്തമായ ഒരു വിതാനത്തിലേക്ക് ബുദ്ധിയെ ഉയർത്തുന്നത്. പ്രകാശം എന്നാൽ ഈ പ്രപഞ്ചത്തിൽ അതീവ രഹസ്യമായ ഒന്നാണ്. മാത്രമല്ല,  ഉണ്മയുടെ രഹസ്യവും പ്രകാശമാണ്. കാഴ്ചയിലൂടെ നാം  കാണുന്നതും, ബുദ്ധിയിലൂടെ നീരിക്ഷണത്തിൽ ഗ്രഹിക്കുന്ന ആശയ തലങ്ങളും ഉണ്മ പ്രാപിക്കുന്നത് ഈ പ്രകാശത്തിലൂടെയാണ്.

പ്രപഞ്ചം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഈ പ്രകാശത്തിന്റെ ഉത്ഭവം അല്ലാഹുവിൽ നിന്നാണ്. ഒന്നുമില്ലായ്മയുടെ ഇരുട്ടിനെ പ്രകാശിപ്പിക്കുന്ന ചെയ്യുന്ന ഈ ‘നൂറ്’  അല്ലാഹുവിൻറെതാകുന്നു. ഇതാണ് ഇബ്നു അത്വാഇല്ല പറഞ്ഞ തത്വേപദേശത്തിന്റെ താത്പര്യം. ഈ ഉപദേശം ഒരാവർത്തി കൂടി വായിക്കാം. “പ്രപഞ്ചം മുഴുവനും ഇരുട്ടാണ്. സത്യത്തിന്റെ സാന്നിധ്യമാണ് അതിന് പ്രകാശം നൽകുന്നത്”.

ഈ വിശകലനത്തിന്റെ മൗലിക പ്രമാണം വിശുദ്ധ ഖുർആനാണ്.  അല്ലാഹു പറയുന്നു: അല്ലാഹു, ആകാശ ഭൂവനങ്ങളുടെ പ്രകാശമാകുന്നു. ഈ സൂക്തത്തിനു നൽകപ്പെട്ട വിശദീകരണങ്ങളിൽ ഏറ്റവും അനുയോജ്യം നൂറ് എന്നതിന് മുനവ്വിർ (പ്രകാശിപ്പിക്കുന്നവൻ) എന്ന് നൽകിയതാണ്. അത് അല്ലാഹുവാണ്. 

ഈ വിശദീകരണത്തെ തുടർന്ന്, ചിലർക്കുണ്ടായേക്കാവുന്ന ഒരു ചോദ്യമുണ്ട്!. മസ്തിഷ്കത്തിന്റെ ക്രിയാത്മകമായ  പ്രവർത്തന ഫലമായാണ് ബുദ്ധിയിൽ ദൃഷ്ടി, പരിശോധന, അന്വേഷണം, തുടങ്ങിയ ദൗത്യങ്ങൾ നിർവഹിക്കപ്പെടുന്നത്. ഇത് സർവ്വാംഗീകൃതമാണ്. എന്നാൽ നിങ്ങൾ അവകാശപ്പെടുന്നത് പോലെയുള്ള പ്രകാശം ബുദ്ധിയിൽ എവിടെയാണുള്ളത്?

ഉത്തരം വളരെ ലളിതമാണ്.  ബുദ്ധിയുടെ പ്രകാശം തലച്ചോറിലാണ്. ട്രാൻസ്മിറ്ററിൽ നിന്ന് പ്രതിഫലിക്കുന്ന ചിത്രങ്ങൾ വെളിപ്പെടുന്ന പ്രതലമാണല്ലോ സ്ക്രീൻ. സ്ക്രീൻ ആണ് ചിത്രങ്ങൾ പ്രതിഫലിക്കുന്നതിന്റെ ഉറവിടം എന്ന് സങ്കല്പിക്കുന്നവർക്കു പറ്റിയ പിഴവിനു സമാനമാണ്  ഗ്രഹിക്കുക, കണ്ടെത്തുക എന്നിവയുടെയൊക്കെ ഉറവിടം തലച്ചോറാണെന്ന്  വിശദീകരിക്കുന്നവരുടെതും.  ബുദ്ധിയുടെ പ്രകാശം നിഷേധിക്കുന്നത്, അതിനെ കാണുന്നില്ല എന്നതുകൊണ്ടാണെങ്കിൽ  അത് ആ വ്യക്തിയുടെ വൈജ്ഞാനികമായ സങ്കുചിതതത്വമാണ്. വ്യത്യസ്തമായ ശാസ്ത്ര-വൈജ്ഞാനിക ശാഖകളുടെ രീതിശാസ്ത്രത്തെ പറ്റി കൃത്യമായ ധാരണ ഇല്ലാത്തതിൻ്റെ അനന്തര ഫലമാണ് ഇത്തരം സമീപനത്തിന്റെ അടിസ്ഥാനം. ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നവർ ആദ്യം മനസിലാക്കേണ്ടത്  പ്രകാശം കാഴ്ചയുടെ പരിമിതിക്കകത്ത് നിലകൊള്ളുന്നതല്ലെന്ന സത്യമാണ്. ഞങ്ങൾ സൂര്യൻറെ പ്രകാശം കാണുന്നുവെന്ന് ധരിക്കുന്നവർക്ക് അബന്ധം പിണഞ്ഞിട്ടുണ്ട്. പ്രകാശത്തെയല്ല, വസ്തുവിന്റെ  ദ്രവ്യങ്ങളിൽ പതിയുന്ന രശ്മികളെയാണ് നാം കാണുന്നത്. അവയിൽ പ്രകാശരശ്മികൾ കടന്നുപോകുന്നില്ലെങ്കിൽ കണ്ണുകൾക്ക് അവയെ കാണാൻ സാധ്യമല്ല. ആയതിനാൽ ബുദ്ധിയിൽ പ്രകടമാകുന്ന വെളിച്ചമോ കണ്ണിലുള്ള വെളിച്ചമോ നമുക്ക് കാണാൻ കഴിയുന്നതല്ല. മറിച്ച് കണ്ണിലെ വെളിച്ചം മുഖേനയാണ് ചിത്രങ്ങളും നിറങ്ങളും നമുക്ക് കാണാൻ സാധിക്കുന്നത്. ബുദ്ധിയുടെ വെളിച്ചത്തിലൂടെ നമുക്ക്  പ്രാപഞ്ചികവസ്തുക്കളിലെ ആന്തരികമായ ആശയ പ്രതലങ്ങളെയും കാണാം.

“ഒരു വസ്തുവിനെ കാണാനോ, ഗ്രഹിക്കാനോ മധ്യമമായി ഉപയോഗിക്കുന്നവയെ നമുക്ക് കാണാൻ സാധ്യമല്ല.” ഈ ശാസ്ത്രീയമായ പെതുതത്വമാണ് ഉപര്യുക്ത വിശകലത്തിന്റെ അടിസ്ഥാനം. അഥവാ വസ്തുവിനെ കാണാൻ ഉപയോഗിക്കുന്ന മാധ്യമത്തെ കാണുകയാണെങ്കിൽ, മാധ്യമം കാണുന്ന വസ്തുവായി മാറുന്നു. അതു തന്നെ, നീ കാണാൻ ഉദേശിക്കുന്ന വസ്തുവിനു തടസ്സമാവുകയും, ഇതോടെ ‘മാധ്യമം’ എന്ന വിശേഷണം നിങ്ങുകയും ചെയ്യും. 

കാഴ്ച്ച അല്ലെങ്കിൽ ദൂരകാഴ്ച്ച സാധ്യമാക്കാനുള്ള ‘മാധ്യമ’മായിട്ടാണ് കണ്ണടകൾ ഉപയോഗിക്കുന്നത്. കണ്ണടയിലെ ഗ്ലാസ്സുകൾ കാണാതിരിക്കുമ്പോൾ മാത്രമാണ്  കണ്ണടകൾ ഉപയോഗിച്ചുള്ള  കാഴ്ച സാധ്യമാവുക. ഇനി  ഗ്ലാസ്സ് കാണുകയാണെങ്കിലോ?  ആ ഗ്ലാസ്സുകളിൽ പൊടിപടലങ്ങളോ, അല്ലെങ്കിൽ മറ്റു തടസ്സങ്ങളോ ഉണ്ടെന്നർത്ഥം. ഇതോടെ, കാഴ്ച്ചക്ക് മാധ്യമമായി നിലകൊണ്ട കണ്ണട തന്നെ കാഴ്ച്ചക്ക് തടസ്സമാവുന്നതാണ്. ബുദ്ധിയിലെ പ്രകാശവും കണ്ണിലെ പ്രകാശവും ഇപ്രകാരം തന്നെയാണ്. രണ്ടിനും അസ്തിത്വമുണ്ട്. അത് പരമസത്യമാണ്. എന്നാൽ ഇവ ഒരോന്നിന്റെയും ധർമ്മം നിർവഹിക്കപ്പെടുന്നത് അവയെ കാണാതിരിക്കുബോൾ മാത്രമാണ്. ഇനി കാണുകയാണെങ്കിലോ? അവ മാധ്യമം എന്ന അവസ്ഥയിൽ നിന്നും മാറി, കാഴ്ച്ചയുടെ പരിധിയിൽ വരും. ഇതോടെ ആ മാധ്യമം തന്നെ കാഴ്ച്ചക്കുള്ള തടസ്സമാവുകയും ചെയ്യും.

ഞാൻ സൂര്യന്റെ പ്രകാശം കണ്ടു, വിളക്കിന്റെ നൂറ് കണ്ടു എന്നൊക്കെ അറബി പ്രയോഗങ്ങളുണ്ട്. ഈ പ്രയോഗങ്ങളെല്ലാം  ഭാഷാപരമായി അലങ്കാരങ്ങൾ മാത്രമാണെന്ന് അറബി ഭാഷാ പരിജ്ഞാനികൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിൻറെ വാചികമായ(literal) അർത്ഥം സൂര്യനിൽ നിന്നോ വിളക്കിൽ നിന്നോ പ്രവഹിക്കുന്ന കിരണങ്ങൾ പതിഞ്ഞ വസ്തുക്കൾ കണ്ടു എന്നാണ്.